അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ ’കൃപാസനം മരിയൻ സെന്റ്ര്’ സ്കോട്ട് ലൻഡിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷത്തിൽ ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓഗസ്റ്റ് 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.